Divyakarunyathinte-VanambadyDivyakarunyathinte-Vanambady

ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി

$15.00

താടിയെല്ലിലെ ക്യാൻസറിനോട് നീണ്ട അഞ്ചു വർഷങ്ങൾ ആത്മീയ ധീരതയോടെ പോരാടിയ ജീസസ് യൂത്ത് അജ്ന ജോർജ്ജിന്റെ അദ്ധ്യാപകനും ആത്മീയ പിതാവുമായിരുന്ന ഫാ. സാബു കുമ്പുക്കൽ, ഉറ്റ സുഹൃത്തും ജീസസ് യൂത്ത് സഹയാത്രികനുമായിരുന്ന ജിത്ത് ജോർജ്ജ് എന്നിവർ ചേർന്നെഴുതിയ  അജ്ന ജോർജ്ജിന്റെ ജീവചരിത്രം.

  • 485 in stock

Description

“ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി”

താടിയെല്ലിലെ ക്യാൻസറിനോട് നീണ്ട അഞ്ചു വർഷങ്ങൾ ആത്മീയ ധീരതയോടെ പോരാടിയ ജീസസ് യൂത്ത് അജ്ന ജോർജ്ജിന്റെ അദ്ധ്യാപകനും ആത്മീയ പിതാവുമായിരുന്ന ഫാ. സാബു കുമ്പുക്കൽ, ഉറ്റ സുഹൃത്തും ജീസസ് യൂത്ത് സഹയാത്രികനുമായിരുന്ന ജിത്ത് ജോർജ്ജ് എന്നിവർ ചേർന്നെഴുതിയ അജ്ന ജോർജ്ജിന്റെ ജീവചരിത്രം. ജീവിതത്തിന്റെ അവസാന മണിക്കൂർ വരെ ദിവ്യകാരുണ്യ ഈശോയെ വിടാതെ മുറുകെപ്പിടിച്ച ധീരവിശുദ്ധ! നിസ്സാര പ്രശ്നങ്ങളുടെ മുന്നിൽ തളർന്നു പോകുന്ന കുട്ടികൾ, യുവാക്കൾ തുടങ്ങിയവർക്ക് വഴി കാട്ടി! പ്രിയപ്പെട്ടവർക്ക് സമ്മാനമായി നൽകാനും വിശ്വാസ ജീവിതത്തിൽ ആഴപ്പെടുവാൻ സഹായിക്കുന്നതുമായ മനോഹരമായ ഗ്രന്ഥം!

Authors: Fr. Joseph Kumbukkal, Jith George © Author
First Published: 28 February 2022
Design: Shaji Joseph Arakkal
Cover Illustration: Sinil KJ
Printed at: Sterling Print House, Ernakulam
Published by: Kairos Media (with the help of publication division SH College Thevara)
Address: 8/174, Navodaya Studio Complex, Thengode P.O, Kochi 682030, Kerala, India.
Email: infoin@jykairosmedia.org
Phone: +91 484 2984327 / +91 6238 279 115 / +91 79076 19471
Website: www.jykairosmedia.org

7 reviews for ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി

  1. Fr Rengith, Diocese of Thamarassery

    ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി ഇന്നു കിട്ടി. മൂന്നു മണിക്കൂർ കൊണ്ട് ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു; നിറഞ്ഞ കണ്ണുകളോടും ഇരമ്പുന്ന ഹൃദയത്തോടും കൂടെ. നന്ദി, ഈ വിശുദ്ധയെ ലോകത്തിനു പരിചയപ്പെടുത്തിയതിന്. ഈ കുഞ്ഞു സഹോദരി ലോകമെങ്ങും അറിയപ്പെടുന്ന. അൾത്താരയിൽ വണങ്ങപ്പെടുന്ന പുണ്യദിനത്തിനായി പ്രാർത്ഥനയോടെ ഞാനും കാത്തിരിക്കുന്നു.

  2. ജെര്‍ളിന്‍ ജേക്കബ്, ഞാറക്കല്‍, എറണാകുളം

    അജ്നയെ കുറിച്ചുള്ള എഴുത്തുകള്‍ വളരെ ഹൃദയസ്പര്‍ശിയായിരുന്നു. പുസ്തകം കിട്ടി രണ്ടു ദിവസത്തിനുള്ളില്‍ മുഴുവനും വായിച്ചു. യാഥാര്‍ത്ഥമായും സഹനങ്ങളില്‍ ക്രിസ്തുവിനെ ദര്‍ശിച്ച അജ്നയുടെ ജീവിതം വിശുദ്ധ ജീവിതം തന്നെയാണെന്നതില്‍ ഒരു സംശയമില്ല. അജ്നയെപ്പറ്റി കേട്ടിരുന്നെങ്കിലും ‘ദിവ്യകാരുണ്യത്തിന്‍റെ വാനമ്പാടി’ എന്ന പുസ്തകത്തില്‍ വിശദമായി വായിച്ചപ്പോഴും ഫോട്ടോകള്‍ കണ്ടപ്പോഴുമാണ് സഹനത്തിന്‍റെ തീവ്രത മനസ്സിലായത്. എന്‍റെ കുട്ടികള്‍ക്കും ഇത് വായിക്കാന്‍ കൊടുക്കാനും അജ്നയെക്കുറിച്ച പറഞ്ഞു കൊടുക്കാനും ആഗ്രഹിക്കുന്നു. വായനയ്ക്കിടയില്‍ എപ്പോഴോ എന്‍റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. അത്രയ്ക്കും ഉള്ളുതൊടുന്ന അനുഭവം.

  3. Shaji Joseph Arakkal, Ernakulam

    എന്റെ പ്രിയ മകളുടെ വേർപാടിൻ്റെ നൊമ്പരവും ദൈവത്തോടുള്ള എൻ്റെ പരാതികളും കലഹവും ഒരു പുനർവിചിന്തനത്തിനു വിധേയമാക്കുന്നതിനുകൂടി ആയിരിക്കണം അജ്ന മോളുടെ പീഡാസഹനത്തെയും മരണത്തെയും തുറന്നുവയ്ക്കുന്ന അവളുടെ സാക്ഷ്യജീവിതത്തിന്റെ പുസ്തകം രൂപകൽപന ചെയ്യാൻ എൻ്റെ കൈകളിലെത്തിയത്. രാത്രികളും പകലുകളും വിശ്രമമില്ലാതെ വളരെ ആവേശത്തോടെയാണ് ഈ ഗ്രന്ഥത്തിന്റെ ഡിസൈൻ ജോലികൾ പൂർത്തിയാക്കിയത്.

    അജ്നയുടെ ഗുരുവും ആത്മീയ പിതാവുമായ ഫാ. ജോസഫ് കുമ്പുക്കലും സുഹൃത്തും സഹപാഠിയും സംഗീതജ്ഞനുമായ ജിത്ത് ജോര്ജും ചേർന്നാണ് അജ്നയെക്കുറിച്ചുള്ള ഹൃദയസ്പർശിയായ പുസ്തകം ‘ദിവ്യകാരുണ്യത്തിൻ്റെ വാനമ്പാടി’ എഴുതിയിരിക്കുന്നത്. നമ്മെ വെല്ലുവിളിക്കുന്ന അവളുടെ ഉജ്വലമായ ജീവിതവും ധീരമരണവും വിവരിക്കുന്ന വിവിധ സന്ദർഭങ്ങളുടെ നിരവധി ചിത്രങ്ങളും നേർസാക്ഷ്യങ്ങളുംകൊണ്ട് ഹൃദയസ്പർശിയാണ് ഈ പുസ്തകം.

    വിങ്ങുന്ന ഹൃദയത്തോടെയും നിറകണ്ണുകളോടെയുമാണ് ഞാൻ ഈ പുസ്തകത്തിന്റെ രൂപകൽപന നിർവഹിച്ചത്. അജ്നയെ എനിക്കു നേരിട്ടു പരിചയമില്ലായിരുന്നെങ്കിലും ഈ കാലഘട്ടത്തിലാണല്ലോ ഇത്രയും ജീവിതവിശുദ്ധിയുള്ള, മഞ്ഞുകണങ്ങളേക്കാൾ വെണ്മയുള്ള ഈ കുട്ടി ജീവിച്ചത് എന്നത് ആശ്ചര്യപ്പെടുത്തി.
    അടങ്ങിയൊതുങ്ങിക്കഴിയുന്നവരുടേതു മാത്രമാണ് വിശുദ്ധിയും ആത്മീയതയും എന്നു കരുതുന്നവരുടെ ചിന്തകളെ അട്ടിമറിക്കുന്നതാണ് അജ്നയുടെ ജീവിതസാക്ഷ്യം. അവൾ ഈ കാലഘട്ടത്തിന്റെ ഒരു അടിപൊളി കുട്ടി തന്നെയായിരുന്നു. ഡാൻസും, മ്യൂസിക്കും, സിനിമയും, ചാറ്റിങ്ങും, ട്രിപ്പുകളും, ഫാഷനും എല്ലാമുണ്ടായിരുന്നെങ്കിലും ഊണിലും ഉറക്കത്തിലുമവൾ ദൈവിക ചിന്തയുള്ളവളും നിര്മലത കാത്തുസൂക്ഷിക്കുന്നവളുമായിരുന്നു.

    ധനവാനെയും ദരിദ്രനെയും, പണ്ഡിതനെയും പാമരനെയും, വെളുത്തവനെയും കറുത്തവനെയും, ദൈവവിശ്വാസിയെയും നിരീശ്വരവാദിയെയും… എന്നിങ്ങനെ ആരെയും എപ്പോൾ വേണമെങ്കിലും രോഗവും മരണവും കീഴ്‌പ്പെടുത്താം. അജ്ന എന്ന ‘ദിവ്യകാരുണ്യത്തിൻ്റെ വാനമ്പാടി’യ്ക്ക് അപൂർവമായി മാത്രം കണ്ടുവരുന്നതും സാദാരണമായി ചെറുപ്പക്കാരെ പിടികൂടുന്നതുമായ sarcoma എന്ന അതിമാരകമായ ക്യാൻസറായിരുന്നു. അവൾ അതിനോടു പൊരുതിയതും തന്നിലേക്ക് പതിയെപ്പതിയെ നടന്നടുത്ത മരണത്തെ സ്വീകരിച്ചതും വളരെ വ്യത്യസ്‌തവും അതിവിശിഷ്ടവുമായ രീതിയിലായിരുന്നു. ആത്മീയതയുടെ ഔന്നത്യത്തിലാണ് ആ പുണ്യ ജീവിതത്തിനു തിരശീല വീണത്.

    പ്രഗത്ഭനായ ഒരു സിനിമാ സംവിധായകന് അതിഗംഭീരമായ ഒരു സിനിമ നിർമിക്കാനുള്ള വിഷയമാണ് അജ്നയുടെ ജീവിതം. സാധിക്കുന്നവർക്ക്, പ്രത്യേകിച്ച് യുവജനങ്ങൾക്ക് വായിക്കാവുന്ന ഒരു അമൂല്യ ഗ്രന്ഥമാണ് ‘ദിവ്യകാരുണ്യത്തിൻ്റെ വാനമ്പാടി’. ഒരു ധ്യാനം കൂടിയ അനുഭവമാണ് ഈ പുസ്തകം വായിച്ചുകഴിഞ്ഞപ്പോൾ എനിക്കു കിട്ടിയത്. അജ്‌നയുമായി ബന്ധപ്പെട്ട വിവിധ വീഡിയോകളുടെ QR കോഡുകളും ഈ പുസ്തകത്തിന്റെ സവിശേഷതയാണ്.

  4. Jith George

    ഒരു സുഹൃത്ത് എന്ന നിലയിൽ ഞാൻ ഏറെ സന്തോഷിക്കുന്നു. അജ്ന യെക്കുറിച്ച് പുസ്തകങ്ങൾ രചിക്കപ്പെടുന്നു. അതും വളരെ വേഗത്തിൽത്തന്നെ.
    അവ അനേകരുടെ ജീവിതങ്ങളെ സ്പർശിക്കുന്നു!!
    ഈ നാളുകളിൽ ഒരുപാട് പേർ അജ്നയെ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു..അവളുടെ ജീവിതത്തെ അറിയുന്നവരൊക്കെ മറ്റൊരു ആംഗിളിലൂടെ ജീവിതത്തെ നോക്കി കാണുന്നു!!ഒരു ത്യാഗവും വെറുതെയല്ല. ഒരു വേദനയും വെറുതെയാകില്ല.ട്യൂമർ വായിലും മൂക്കിലുമൊക്കെ വളർന്നപ്പോൾ ശ്വാസം കിട്ടാനാവാതെ എല്ലാ രാത്രികളിലും അവൾ പ്രയാസപ്പെടുമായിരുന്നു. ആരോടും അതൊന്നും അവൾ പറഞ്ഞിരുന്നില്ല. ഒരു ദിവസം രാത്രിയിൽ മേല് വേദനയായിട്ടു അമ്മച്ചി എഴുന്നേറ്റപ്പോളാണ് ഉറങ്ങാനാവാതെ , ശ്വാസം കിട്ടാനാവാതെ പ്രയാസപ്പെടുന്ന അജ്നയെ കാണുന്നത്.അങ്ങനെ ഉറങ്ങാനാവാതിരുന്നിട്ടും എല്ലാ ദിവസവും രാവിലെ അവൾ പള്ളിയിൽ പോയിരുന്നു. പോകുന്ന വഴിയിൽവെച്ചു വേദന സഹിക്കാനാവാതെ അവൾ വോമിറ്റ്‌ ചെയുമായിരുന്നു…പലതവണ..അത്ര അഗാധമായി സ്നേഹിച്ചും ,സഹിച്ചും അവൾ സ്വന്തമാക്കിയ കൃപകൾ ഇന്നിതാ വിതരണം ചെയ്യപ്പെടുന്നു. മുറിവേറ്റവൻ മുറിവുണക്കുന്നു…കരഞ്ഞവൻ കണ്ണീരൊപ്പുന്നു..ഉറങ്ങാൻ സാധിക്കാതിരുന്നവൾ താരാട്ടു പാടി ഉറക്കുന്നു…

  5. ആഷില്‍ , എറണാകുളം

    ടീന്‍സ് ടീമില്‍ ഉണ്ടായിരുന്ന സമയത്ത് സ്കൂളുകള്‍ കയറിയിറങ്ങാനും കുട്ടികളെ കണ്ടുപിടിക്കാനും വലിയ ഉത്സാഹമായിരുന്നു അജ്നയ്ക്ക്. ഞാനും അവളും തമ്മില്‍ ഒരു വയസ്സ് വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. പഠിക്കാന്‍ മിടുക്കിയായിരുന്നതിനാല്‍ വീട്ടില്‍ വിളിച്ചുവരുത്തി എനിക്ക് പഠിക്കാനുള്ള കാര്യങ്ങള്‍ അവള്‍ പറഞ്ഞു തരുമായിരുന്നു. ഒരിക്കല്‍ കോളേജില്‍ നിന്നും ഹൈദരാബാദിലേക്ക് ടൂര്‍ പോകുമ്പോള്‍ രാവിലെ കുര്‍ബാന മിസ്സാകാതിരിക്കാന്‍ തലേദിവസം എന്നെ വിളിച്ച് അക്കാര്യം പറയുകയും പിറ്റേന്ന് രാവിലെ തന്നെ ലഗേജും എല്ലാമായി എന്‍റെ സ്കൂട്ടറില്‍ കയറി കളമശ്ശേരി സെന്‍റ് ജോസഫ്പള്ളിയില്‍ കുര്‍ബാനയ്ക്ക് പോയി അതിനുശേഷം കൃത്യസമയത്ത് എയര്‍പോര്‍ട്ടിലെത്തുകയും ചെയ്തു. കുര്‍ബാനകൂടാതെ പോകില്ലായെന്ന നിര്‍ബന്ധമായിരുന്നു അവള്‍ക്ക്.

  6. അലീഷാ ജേക്കബ്, എറണാകുളം

    കോളേജ് പഠന കാലയളവുമുതല്‍ അജ്ന ചേച്ചിയെ എനിക്ക് പരിചയമുണ്ട്. സോള്‍ട്ടിസ് എന്ന പ്രോഗ്രാമില്‍ പാട്ട് പാടാന്‍ ചേച്ചിഎന്നെ വിളിച്ചതുമുതലാണ് ഞാന്‍ ജീസസ് യൂത്തില്‍ വരുന്നത്.കോളേജില്‍ ചേച്ചി മൂന്നാം വര്‍ഷവും ഞാന്‍ രണ്ടാം വര്‍ഷവുമായിരുന്നു. തേവര കോളേജിലെ പ്രാര്‍ഥനാ ഗ്രൂപ്പില്‍ അംഗങ്ങള്‍ കുറവായിരുന്ന സമയത്ത് അജ്ന ചേച്ചിയുടെ വിശ്വാസ തീക്ഷ്ണതയുംകണ്‍വിക്ഷനുമാണ് ഇന്നത്തെ നിലയില്‍ പലപല മിനിസ്ട്രികളും വലിയ ഗ്രൂപ്പുമായി ഈ നാളുകളില്‍ കോളേജ് ഗ്രൂപ്പ് വളരാന്‍ കാരണമായത്.ചെറിയ കാര്യങ്ങളിലെ വിശ്വസ്തതയാണ് ചേച്ചിയിലെന്നും കണ്ടിട്ടുള്ളത്.ധാരാളം കഴിവുകളുള്ള വ്യക്തിയായിരുന്നിട്ടും പലപ്പോഴും മറ്റുള്ളവരെ മുന്നിലേക്കെത്തിക്കാന്‍ സ്വയം പിന്നോട്ട് മാറുന്ന പ്രകൃതം. കുറച്ചുകൂടി തുറന്നു പറയുകയാണെങ്കില്‍, ഒരു പെണ്ണായിരുന്നിട്ടുപോലും ഒന്ന് കണ്ണെഴുതുകയോ മേക്കപ്പിടുകയോ ഒന്നും ചെയ്യാതെ ദൈവം തന്ന രൂപത്തെ അതേപോലെതന്നെ കൊണ്ടുനടന്ന്, പുഞ്ചിരിയിലൂടെയും പോസിറ്റീവ് വര്‍ത്തമാനത്തിലൂടെയും എപ്പോഴും ദൈവത്തെക്കുറിച്ചു വാചാലമാകുന്ന സ്വഭാവമായിരുന്നു. ലൗകീക കാര്യങ്ങളില്‍ മുഴുകാത്ത, എന്നാല്‍ അങ്ങനെയുള്ള ആളുകളുമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്ന ആളുമായിരുന്നു ചേച്ചി. ഭക്തിഗാനങ്ങളായിരുന്നു ചുണ്ടിലെപ്പോഴും. ലൈഫിന്‍റെ അവസാന നാളുകളിലും മറ്റുള്ളവരെ കേള്‍ക്കാനുള്ള ആവേശം നമ്മെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. വിശുദ്ധ ജീവിതം നയിച്ച് മറ്റുള്ളവരെ അതിലേക്ക് ക്ഷണിക്കുന്ന ചേച്ചിയുടെ ആ പുഞ്ചിരി ഇന്നും ഇപ്പോഴും കണ്‍മുമ്പില്‍ തെളിഞ്ഞു കാണാനാവുന്നുണ്ട്.

  7. ജൊഹാന്‍ , എറണാകുളം

    മ്യൂസിക് ടീമില്‍ വന്നതിനുശേഷമാണ് അജ്ന ചേച്ചിയെ ഞാന്‍ പരിചയപ്പെടുന്നത്. ഒരു വര്‍ഷം മുഴുവന്‍ മുടങ്ങാതെ കുര്‍ബാനയ്ക്ക്പോകാമെന്ന് ടീമിലെല്ലാവരോടും ചേച്ചി ഒരു ചലഞ്ച് വച്ചു. അങ്ങനെ ഞാനും മുടങ്ങാതെ കുര്‍ബാനയ്ക്ക് പോയിത്തുടങ്ങി. ഒരുമാസമൊക്കെ കഴിഞ്ഞപ്പോള്‍ പിന്നെ മടിയായി മുടങ്ങി..അപ്പോഴൊക്കെ അജ്ന ചേച്ചി ഫോണ്‍ വിളിച്ചും മെസ്സേജ് അയച്ചുംകുര്‍ബാനയുടെ കാര്യം ഓര്‍മിപ്പിക്കുമായിരുന്നു. ടീമില്‍ ഞങ്ങള്‍ ഒരുമിച്ചു വരുന്നേരം കുര്‍ബാനയോട് ഞങ്ങള്‍ക്ക് താത്പര്യമുണ്ടാവാന്‍ കുര്‍ബാനയുടെ ഓരോ ഭാഗങ്ങളെപ്പറ്റിയും വിശദീകരിച്ചു പറഞ്ഞുതരുകയും ചെയ്യുമായിരുന്നു. വ്യക്തിപരമായി ഇതെനിക്ക് ഏറെ ഉപകാരപ്പെടുകയും ഇപ്പോഴും മുടങ്ങാതെ കുര്‍ബാനയ്ക്ക് പോകുകയും ചെയ്യുന്നു. ചേച്ചിയുടെ വിശ്വാസവും തീക്ഷ്ണതയും എന്നും ഞങ്ങള്‍ക്ക് മോട്ടിവേഷനായിരുന്നു.

Add a review

Your email address will not be published. Required fields are marked *