ഇന്ത്യയുടെ സ്വന്തം കാര്‍ലോ -ദൈവത്തിന് ഏറ്റവും നല്ലത് കൊടുക്കണം എന്ന് ചിന്തിച്ച ജെറിന്‍

  • blog
  • December 20, 2023
  • 1

സ്വന്തം അറിവും കഴിവും ദൈവരാജ്യ വളർച്ചയ്ക്കായി വിനിയോഗിക്കണമെന്ന നല്ല ചിന്തയോടെ ഒപ്പം കൂടിയ ജെറിൻ എന്ന ചെറുപ്പക്കാരൻ. സോഷ്യൽ മീഡിയ രംഗത്ത് കെയ്റോസിന്റെ മുദ്ര പതിപ്പിക്കാൻ മുന്നിട്ടിറങ്ങിയ സൈബർ പോരാളി. ഇന്ത്യയുടെ സ്വന്തം കാർലോ.. ഇനി ഓർമ്മകൾ മാത്രം... ജെറിനുമൊത്തുള്ള സൗഹൃദത്തിന്റെ ഓർമ്മകൾ പങ്കിടുന്നു ജോഷി ജോസഫ്.

വിശുദ്ധരായ മക്കള്‍, എല്ലാ മാതാപിതാക്കളുടെയും ഒരു സ്വപ്നമാണ്. ദുശ്ശീലങ്ങളില്ലാത്ത, എല്ലാവരാലും സ്‌നേഹിക്കപ്പെടുന്ന, എല്ലാവരെയും സ്‌നേഹിക്കുന്ന, ദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരുന്ന, പഠനത്തില്‍ മികവ് പുലര്‍ത്തുന്ന, ഇടവകയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കുചേരുന്ന, മിഷന്‍ തീക്ഷ്ണതയുള്ള മക്കളെ ലഭിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത് ? എന്നാല്‍, യാഥാര്‍ഥ്യം പലപ്പോഴും ഈ സ്വപ്നങ്ങളില്‍ നിന്ന് വളരെ അകലെയാണ്. പക്ഷേ ജീസസ് യൂത്തിന്റെ കെയ്‌റോസ് മീഡിയ ടീമിന് അത്തരമൊരു വിശുദ്ധനായ യുവാവിന്റെ സാന്നിധ്യത്തിന് സാക്ഷ്യം വഹിക്കാന്‍ ഭാഗ്യമുണ്ടായി. അത് മറ്റാരുമല്ല, ബാംഗ്ലൂരില്‍ വച്ച് ഇരുപത്തിമൂന്നാം വയസ്സില്‍ മരണമടഞ്ഞ ജെറിന്‍ വാകയില്‍ എന്ന ചെറുപ്പക്കാരനാണ്. അവന് ജന്മം നല്‍കിയ മാതാപിതാക്കള്‍ അനുഗൃഹീതര്‍.

ഇന്ത്യയില്‍ നിന്നുള്ള കാര്‍ലോ അക്യൂട്ടിസ് എന്ന് മാണ്ഡ്യ രൂപത വിശേഷിപ്പിച്ച ജെറിന്‍ ബാല്യകാലത്തു അള്‍ത്താര ബാലന്‍ എന്ന നിലയില്‍ ക്രിസ്തുവിനോട് ചേര്‍ന്നുനിന്ന് തന്റെ ആത്മീയ ജീവിതത്തെ പടുത്തുയര്‍ത്തി. ഇടവകയിലെ യുവജന പ്രസ്ഥാനത്തിലും മറ്റു പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു ജെറിന്‍. കോവിഡ് മഹാമാരി കാലത്തു ഓണ്‍ലൈന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന്റെ പ്രക്ഷേപണങ്ങളില്‍ വി. നോബര്‍ട്ട് ഇടവകയിലെ വൈദികര്‍ക്ക് ജെറിന്റെ സഹായം വലിയൊരനുഗ്രഹമായിരുന്നു. സ്‌കൂള്‍ തലം മുതല്‍ ജീസസ് യൂത്ത് മുന്നേറ്റത്തില്‍ സജീവമായിരുന്നു ജെറിന്‍. ഒക്ടോബര്‍ 21 മുതല്‍ 24 വരെ ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന ജീസസ് യൂത്ത് ജാഗോ കോണ്‍ഫറന്‍സിന്റെ മൊബൈല്‍ ആപ്പ് ടീമിലും ജെറിന്‍ ഉണ്ടായിരുന്നു. വളരെ ആഗ്രഹത്തോടെ ജാഗോ കോണ്‍ഫറന്‍സിനായി കാത്തിരുന്ന്, ആഗ്രഹം പൂര്‍ത്തീകരിക്കാനാവാതെ ജെറിന്‍ പോയെങ്കിലും പൊതുദര്‍ശന വേളയില്‍ ജെറിന്റെ പിതാവിന്റെ ആഗ്രഹപ്രകാരം മൃതശരീരത്തില്‍ ജാഗോ ടീഷര്‍ട്ടും വച്ചിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ നിരവധിപേരാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

വളരെ അവിചാരിതമായാണ് എഞ്ചിനീയറിങ് പഠന കാലത്ത് ജെറിന്‍ കെയ്‌റോസ് മീഡിയയില്‍ എത്തുന്നത്. വീഡിയോ എഡിറ്റിംഗ്, സൗണ്ട് എഡിറ്റിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, വെബ്‌സൈറ്റ് ഡിസൈനിംഗ് തുടങ്ങിയ മേഖലയില്‍ തനിക്കു ലഭിച്ച അറിവ് കര്‍ത്താവിന്റെ ശുശ്രൂഷകള്‍ക്കായി ഉപയാഗിക്കണം എന്ന ആഗ്രഹത്തോടെ 2020 ഓഗസ്റ്റ് മാസത്തിലാണ് ജെറിന്‍ ആദ്യമായി എന്നെ വിളിക്കുന്നത്. ഏകദേശം ഒരു മണിക്കൂര്‍ നീണ്ടുനിന്ന ആദ്യത്തെ ഫോണ്‍ സംഭാഷണം അക്ഷരാര്‍ഥത്തില്‍ എന്നെ ആശ്ചര്യപ്പെടുത്തി. സാധാരണയായി നമ്മള്‍ യുവജനങ്ങളെ അങ്ങോട്ടുചെന്ന് വിളിച്ച് ദൈവം തന്ന കഴിവുകള്‍ ദൈവരാജ്യ വളര്‍ച്ചക്കായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെ
ടുത്തി, അവരെ ക്ഷണിക്കുകയാണ് പതിവ്. എങ്കില്‍പോലും തിരക്കാണ് എന്ന് പറഞ്ഞു പലരും ഒഴിഞ്ഞു മാറും. അല്ലെങ്കില്‍ ‘എനിക്ക് എന്ത് ലഭിക്കും’ എന്ന് ആദ്യം ചോദിക്കും. അപ്പോഴാണ് ഇത്ര മിടുക്കനായ ഒരു ചെറുപ്പക്കാരന്‍ വലിയ തീക്ഷ്ണതയോടെ തന്റെ അറിവും കഴിവും കെയ്‌റോസ് മീഡിയവഴി ദൈവരാജ്യത്തിനായി എങ്ങനെ ഉപയോഗിക്കാം എന്ന് ചോദിച്ചു വിളിക്കുന്നത്. ഇന്റര്‍നെറ്റിന്റെ അനന്ത സാധ്യതകള്‍ ഉപയോഗിച്ച് എങ്ങനെയെല്ലാം കര്‍ത്താവിന്റെ സുവിശേഷം കൂടുതല്‍ യുവജനങ്ങളില്‍ എത്തിക്കാമെന്ന് അവന്‍ വാതോരാതെ സംസാരിച്ചു. യുവജനങ്ങളെ പലപ്പോഴും തിന്മയിലേക്ക് നയിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍, അവരെ പ്രകാശത്തിലേക്ക് നയിക്കുന്ന നന്മയുടെ ഉപകരണമാക്കുന്നതില്‍ കെയ്‌റോസ് മീഡിയയിലൂടെ നമുക്ക് എന്ത് ചെയ്യാനാകുമെന്ന് ഞങ്ങള്‍ ഒന്നിച്ചു ചിന്തിച്ചു. ആദ്യപടിയായി കെയ്‌റോസ് സ്റ്റുഡിയോ എന്ന പേരില്‍ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങാമെന്നും അതില്‍ Ask Fr Bittaju എന്ന കെയ്‌റോസ് ഗ്ലോബല്‍ മാസികയിലെ ലേഖനത്തിന്റെ വീഡിയോ പതിപ്പ് ആരംഭിക്കാമെന്നുമുള്ള ആശയം മുന്നോട്ടു വച്ചതും അത് കോര്‍ഡിനേറ്റു ചെയ്തതും ജെറിന്‍ ആണ്.

കഴിഞ്ഞ മൂന്നു വര്‍ഷമായി ഞാന്‍ ഏറ്റവും കൂടുതല്‍ ഇടപെടുന്നതും സംസാരിക്കുന്നതുമായ വ്യക്തി ജെറിന്‍ ആയി രുന്നു. കെയ്‌റോസ് സ്റ്റുഡിയോ യൂട്യൂബ് ചാനലിന്റെ ലോഗോ ഡിസൈന്‍ ചെയ്തതുമുതല്‍ വിഡിയോ റിക്കോര്‍ഡിങ്, വിഡിയോ എഡിറ്റിങ്, സൗണ്ട് എഡിറ്റിംഗ്, തമ്പ്‌നെയില്‍ ഡിസൈനിങ്, തുടങ്ങി യൂട്യൂബ് ചാനലിന്റെ എല്ലാ ജോലികളും ആദ്യവര്‍ഷം ജെറിനാണ് ചെയ്തിരുന്നത്. എല്ലാ വ്യാഴാഴ്ചകളിലും ഒരു മണിക്കൂര്‍ ഞങ്ങള്‍ ഗൂഗിള്‍ മീറ്റിംഗിലായിരിക്കും. അങ്ങനെയുള്ള ഒരു വ്യാഴാഴ്ച മീറ്റിംഗില്‍ കെയ്‌റോസ് മീഡിയക്കു പുതിയ വെബ്സൈറ്റ് എന്ന ആശയം ജെറിന്‍ പങ്കുവച്ചു. വൈകാതെ ഒരു സാമ്പിള്‍ വെബ്‌സൈറ്റ് ഏറ്റവും പുതിയ ടെക്‌നോളജിയില്‍ സ്വയം ഡിസൈന്‍ ചെയ്തു കാണിച്ചുകൊണ്ട് അവന്‍ എന്നെ ശരിക്കും ഞെട്ടിച്ചു. ദൈവത്തിനു കൊടുക്കുന്നത് ഏറ്റവും നന്നായിരിക്കണം എന്ന തികഞ്ഞ ബോധ്യത്തോടെ വളരെ പ്രൊഫഷണല്‍ രീതിയില്‍ ചെയ്ത ആ വെബ്‌സൈറ്റ് www.jykairosmedia.org എന്ന web അഡ്രസില്‍ ഇപ്പോള്‍ ലഭ്യമാണ്. ഒരിക്കല്‍ Cloud Catholic എന്ന പേരില്‍ ഒരു പുതിയ ഇ-കോമേഴ്‌സ് വെബ്സൈറ്റും മൊബൈല്‍ ആപ്പും എന്ന ആശയം പങ്കുവച്ചപ്പോള്‍ വളരെ ആവേശത്തോടെ അതിനെ സപ്പോര്‍ട്ട് ചെയ്തുവെന്ന് മാത്രമല്ല പിന്നീടങ്ങോട്ട് ചുറുചുറുക്കോടെ അതിന്റെ ചുക്കാന്‍ പിടിച്ചതും ജെറിന്‍ തന്നെ. ജെറിന്‍ എന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ഥി പ്രോജക്ട് മാനേജര്‍ എന്ന റോളില്‍ Cloud Catholic ഇ-കോമേഴ്‌സ് വെബ്‌സൈറ്റും മൊബൈല്‍ ആപ്പും പ്രാവര്‍ത്തികമാക്കുന്നത് വളരെ അത്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്. ഒരു അസാമാന്യ പ്രകടനമാണ് ജെറിന്‍ കാഴ്ചവച്ചത്. www.cloudcatholic.com എന്ന web അഡ്രസില്‍ ഇ-കോമേഴ്‌സ് വെബ്‌സൈറ്റും Cloud Catholic എന്ന പേരില്‍ മൊബൈല്‍ ആപ്പും ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ലഭ്യമാണ്.

ക്രാഫ്റ്റ് സിറ്റി എന്ന പേരില്‍ കുട്ടികള്‍ക്കായി നടത്തുന്ന ഓണ്‍ലൈന്‍ വര്‍ക്ക് ഷോപ്പിന്റെ തുടക്കം മുതല്‍ അതിന് സാങ്കേതിക പിന്തുണ നല്‍കിയതും അതിന്റെ മിക്ക പോസ്റ്ററുകളും രൂപകല്‍പന ചെയ്തതും ജെറിനായിരുന്നു. പിന്നീടങ്ങോട്ട് കെയ്‌റോസിന്റെ സാങ്കേതിക വിദ്യ ആവശ്യമുള്ള എല്ലാത്തിന്റെയും മുന്‍ നിരക്കാരനായി ജെറിന്‍. തിരക്കേറിയ എഞ്ചിനീയറിംഗ് സെമസ്റ്റര്‍ പരീക്ഷാ സമയങ്ങളില്‍ പോലും, അവന്‍ ഞങ്ങള്‍ക്ക് വേണ്ടി, അല്ല ദൈവരാജ്യത്തിന് വേണ്ടി സമയം കണ്ടെത്തി. തന്റെ സമയവും കഴിവും വിനിയോഗിച്ചു. മടുപ്പില്ലാതെ കര്‍ത്താവിനു വേണ്ടി തീക്ഷ്ണതയോടെ ജോലി ചെയ്യാനുള്ള മനസ്സും ജെറിനെ വ്യത്യസ്തനാക്കി. എപ്പോഴും തിരശ്ശീലയ്ക്ക് പിന്നില്‍ കഠിനാധ്വാനം ചെയ്ത്, ആരുടെയും ശ്രദ്ധയില്‍പ്പെടാതെ നില്‍ക്കാന്‍ ഇഷ്ടപ്പെട്ടു. തന്റെ പേര് എവിടെയെങ്കിലും പരാമര്‍ശിക്കുന്നത് മനഃപൂര്‍വം ഒഴിവാക്കാന്‍ ശ്രമിക്കും.

ക്രിയാത്മകമായി ചിന്തിക്കാനുള്ള അവന്റെ കഴിവും ഏത് സംരംഭത്തിനും ഏറ്റവും മികച്ചത് നല്‍കാനുമുള്ള അവന്റെ അഭിനിവേശവുമാണ് എന്നെ അവനിലേക്കു ആകര്‍ഷിച്ചത്. എന്നെ അതിശയിപ്പിച്ച ഒരു വസ്തുത ഇതിന്റെയെല്ലാം ഇടയ്ക്കു ചെറിയ വര്‍ക്കുകള്‍ പിടിച്ചു ചെയ്തുകൊടുത്തു സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന തന്റെ ഒരു കൂട്ടുകാരന്റെ എല്ലാ പഠന ചെലവുകളും അവന്‍ നിര്‍വഹിച്ചിരുന്നുവെന്നതാണ്. ഞങ്ങളുടെ അവസാനത്തെ മീറ്റിംഗില്‍ ഇവമഏേഠജ യുടെ സഹായത്താല്‍ കെയ്‌റോസ് മീഡിയ വെബ്‌സൈറ്റില്‍ ഒരു അക ChatGTP വികസിപ്പിച്ചെടുത്താലോ എന്ന ആശയം അവന്‍ പങ്കുവച്ചു, അതിന്റെ വര്‍ക്കുകള്‍ തുടങ്ങാന്‍ ഞങ്ങള്‍ തീരുമാനിച്ച സമയത്തിരുന്ന് ഈ കുറിപ്പെഴുതേണ്ടിവന്നത് അങ്ങേയറ്റം ഹൃദയഭേദകമാണ്.

പലപ്പോഴും അവന്റെയൊപ്പം ഓടിയെത്തുവാന്‍ എന്റെ ജോലിത്തിരക്കുകള്‍ കാരണം എനിക്ക് സാധിച്ചിരുന്നില്ല. പല കാര്യങ്ങളിലും എനിക്കുവേണ്ടി അവന്‍ കാത്തുനില്‍ക്കുകയാണ് പതിവ്. അത്രയേറെ ചടുലതയോടും തീക്ഷ്ണതയോടുമായിരുന്നു അവന്‍ ഓരോ ഉത്തരവാദിത്വങ്ങളും നിര്‍വഹിച്ചുകൊണ്ടിരുന്നത്.

കെയ്‌റോസ് മീഡിയിലെ എന്റെ വലം കൈ എന്നതിനപ്പുറത്തു അവന്‍ എന്റെ കുഞ്ഞനിയനും കൂട്ടുകാരനും, എന്റെ ജീവിതത്തിന്റെ പ്രിയപ്പെട്ട ഭാഗവും ഒക്കെയായിരുന്നു. അവന്റെ വിയോഗം നികത്താനാവാത്ത ശൂന്യതയാണ് എന്നില്‍ അവശേഷിപ്പിക്കുന്നത്. ഞങ്ങള്‍ പങ്കിട്ട നല്ല നിമിഷങ്ങളും ഞങ്ങള്‍ ഒരുമിച്ച് ആസ്വദിച്ച ചിരിയും മറക്കാനാവില്ല. അവന്‍ നമ്മുടെ ഇന്ത്യയുടെ കാര്‍ലോ അക്യൂട്ടിസ് ആണ്. ജെറിന്‍ സ്വര്‍ഗത്തില്‍ നിന്ന് നമുക്കുവേണ്ടി മാധ്യസ്ഥം വഹിക്കും.

ജോഷി ജോസഫ് കെയ്‌റോസ് ഗ്ലോബലിന്റെ മാനേജിംഗ് എഡിറ്ററും കെയ്‌റോസ് മീഡിയ എക്‌സിക്യൂട്ടീവ് ടീം അംഗവുമാണ്. ഭാര്യയ്ക്കും നാല് കുട്ടികൾക്കുമൊപ്പം അമേരിക്കയിലെ ഹൂസ്റ്റണിലാണ് താമസം.

Share:

Christmas Thoughts- English

Best Catholics Apps

One thought on “ഇന്ത്യയുടെ സ്വന്തം കാര്‍ലോ -ദൈവത്തിന് ഏറ്റവും നല്ലത് കൊടുക്കണം എന്ന് ചിന്തിച്ച ജെറിന്‍

  • Norburt Vakayil

    🙏

LEAVE A COMMENT

(will not be shared)